റാന്നി: നട്ടുച്ചയ്ക്കു നിഴലില്ലാത്ത പ്രതിഭാസത്തിന് (നിഴലില്ലാ ദിനം) തുടക്കമായി. ശാസ്ത്ര പ്രതിഭാസങ്ങളിലേക്ക് അധ്യാപിക വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോട്ടയം സി.എൻ. ഐ. ഐ. ടി. ഇ യിൽ നിഴലില്ലാ ദിന പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനങ്ങൾക്ക് ശാസ്ത്ര പാഠപുസ്തക രചനാ സമിതി അംഗവും ശാസ്ത്രരംഗം പത്തനംതിട്ട ജില്ല കോ- ഓർഡിനേറ്ററുമായ എഫ്. അജിനി നേതൃത്വം നൽകി. വെള്ളിയാഴ്ച തിരുവനന്തപുരത്തു ദൃശ്യമായ പ്രതിഭാസം ക്രമേണ വടക്കോട്ടു നീങ്ങി 23ന് കാസർകോട്ട് അവസാനിക്കും. സുര്യൻ കൃത്യം തലയ്ക്കു മുകളിൽ വരുന്നതിനാലാണ് നിഴൽ ഇല്ലാതാകുന്നത്. ഭൂമിയുടെ സാങ്കൽപിക അച്ചുതണ്ടിന്റെ ചരിവും സൂര്യനു ചുറ്റുമുള്ള ഭ്രമണവും ചേർന്നാണ് ഇത് ഒരുക്കുന്നത്.
വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് ഓരോ സ്ഥലത്തും ഇതു സംഭവിക്കുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങൾ. കേരളം ഭൂമദ്ധ്യരേഖയ്ക്കു വടക്കായതിനാൽ ഉത്തരായനകാലത്ത് സമരാത്രദിനത്തിനു ശേഷവും ദക്ഷിണായനകാലത്ത് സമരാത്രദിനത്തിനു മുമ്പുമാണ് ഈ ദിനങ്ങൾ വരുന്നത്. ഈ ദിവസങ്ങൾ നിഴലില്ലാദിനങ്ങൾ (സീറോ ഷാഡോ ഡെയ്സ്) എന്നറിയപ്പെടുന്നു. ഇന്ത്യയിലിത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്നത് എപ്രിലിലാണ്.
നിഴലില്ലാ ദിവസങ്ങൾ
ജില്ലാ ആസ്ഥാനത്തെ തിയതി സമയം
തിരുവനന്തപുരം ഏപ്രിൽ 11 12.24
കൊല്ലം 12 12. 25
പത്തനംതിട്ട 13 12.24
ആലപ്പുഴ- 14 12.25
കോട്ടയം 14 12.25
ഇടുക്കി 15 12.22
കൊച്ചി 15 12.25
തൃശൂർ 17 12.25
പാലക്കാട് 18 12.23
മലപ്പുറം 18 12.25
കോഴിക്കോട് 19 12.26
വയനാട് 20 12.25
കണ്ണൂർ 21 12.27
കാസർഗോഡ് 23 12.28