തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നും സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി വന്ന് മാല മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്.ഓണ്‍ലൈൻ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ഈ മാലയുടെ ബില്ല് തയാറാക്കാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വർണ്ണ മാല കാണാതായായി മനസിലാകുന്നത്.
മാല കാണാതായതോടെ ജ്വല്ലറി മാനേജരുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിലെയും പ്രദേശത്തേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുറ്റകൃത്യം നടത്തിയത് 20നും 30നും മധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നും നാലു വയസ് പ്രായം തോന്നിക്കുന്ന ഒരാണ്‍കുട്ടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് നിരവധി സി.സി.ടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതി സുജി തന്നെയാണെന്ന് പോലീസ് കൃത്യത വരുത്തിയത്.