ഒറ്റപ്പാലം: പാലക്കാട് കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്റെ മൊബൈൽ മോഷ്ടിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിലായി. പത്തിരിപ്പാല നഗരിപ്പുറം നീലാഞ്ചേരി വീട്ടിൽ ദേവദാസ് (55) ആണ് അറസ്റ്റിലായത്.ജൂലൈ 13ന് പുലർച്ചയാണ് മോഷണം നടന്നത്. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതായിരുന്നു ദേവദാസ്. വാർഡിലെ നഴ്സിംഗ് സ്റ്റേഷന് തൊട്ടടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് മൊബൈൽ ഫോൺ ചാർജിങ്ങിനായി വെച്ചതായിരുന്നു. ഈ സമയത്താണ് രോഗിയുടെ കൂട്ടിരിപ്പുകാരനായ പ്രതി മൊബൈൽ ഫോൺ ആരും കാണാതെ മോഷ്ടിച്ചത്. പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ ആണ് മോഷണം പോയിരുന്നത്. ഫോണ്‍ നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ തന്നെ നേഴ്സ് ഒറ്റപ്പാലം പൊലീസിലെത്തി പരാതി നൽകിയിരുന്നു.
പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ വ്യക്തിയാണ് മൊബൈൽ മോഷ്ടിച്ചതെന്ന് മനസ്സിലായി. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒറ്റപ്പാലം എസ് ഐ പ്രവീൺ, എ എസ് ഐ ജയകുമാർ, എ എസ് ഐ രാജ നാരായണൻ, സിപിഓ ഹർഷാദ്, ശിവശങ്കരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതിയെ കോടതി റിമാൻഡ് ചെയ്തു.