പത്തനംതിട്ട : ബി.ജെ.പി യില്‍ നിന്നും മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ ജില്ലയിലൊട്ടാകെ വീണ്ടും അക്രമപരമ്പരകള്‍ നടത്തുന്നത് കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ജില്ലയിലെ പോലീസ് അക്രമികളെ താലോലിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസില്‍ പ്രതിയായ ശരണ്‍ചന്ദ്രന്‍ ഡി.വൈ.എഫ്.ഐ നേതാവിനെത്തന്നെ വീണ്ടും അക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍ വൈകുകയും അറസ്റ്റ് ചെയ്ത് നാടുകടത്താതിരിക്കുകയും ചെയ്യുന്നത് ആരോഗ്യവകുപ്പ് മന്ത്രിയുടെയും സി.പി.എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സംരക്ഷണമുള്ളതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
ജില്ലയിലൊട്ടാകെ കൊലപാതക, ബലാത്സംഗ, മദ്യ, മയക്കുമരുന്ന്, ക്വാറി, മണല്‍കടത്ത് സംഘങ്ങള്‍ അഴിഞ്ഞാടിയിട്ട് ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ തുടരുന്ന ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന ജില്ലയില്‍ നിന്നുള്ള ആരോഗ്യവകുപ്പ് മന്ത്രി സ്ത്രീപീഢകരേയും കൊലപാതക കാപ്പാ കേസ് പ്രതികളേയും സംരക്ഷിച്ച് ഭരണഘടനാ ലംഘനം നടത്തുകയാണെന്നും ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തി പരിക്കേല്‍പ്പിച്ച നടപടി മനുഷത്വ രഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.