കോഴിക്കോട്: മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി പോലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചാണ് കോക്കിനെ വൈദ്യപരിശോധന നടത്തിയത്. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മദ്യപിച്ചോ എന്ന ചോദ്യത്തിന് “അതിപ്പോൾ പറയാൻ ആകില്ല” എന്ന് മറുപടി. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ദാറ്റ്സ് കേരള പൊലീസ് എന്നും മറുപടി നൽകി. കോക്കിന്റെ വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപത്തായി കൊട്ടാരം റോഡില്‍ വെച്ച് ഏഴ് മണിയോടെയാണ് കോക്കിന്റെ വാഹനം അപകടം ഉണ്ടാക്കിയത്.
ഥാറിലാണ് അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്. ഇത് കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഇരുചക്രവാഹനത്തിലും ഥാര്‍ ഇടിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. നടക്കാവ് പോലീസിലാണ് പരാതി നല്‍കിയത്. അപകടത്തല്‍ ആര്‍ക്കും വലിയ പരിക്കേറ്റിട്ടില്ല. അപകടം ഉണ്ടാക്കിയതോടെ വാഹനം നിര്‍ത്താതെ പോകാനാണ് കോക്ക് തുനിഞ്ഞത്. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ വാഹനത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ പോലീസ് എത്തി. പോലീസ് വീഡിയോ എടുത്തതോടെ ‘എന്റെ വീഡിയോ എടുക്കുവാണോ സാറേ എന്നു ചോദിച്ചു.
നാട്ടുകാരാണ് പോലീസുകാരെ യുട്യൂബറാണെന്ന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്കാണ് കോക്കിനെ കൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോക്കിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്ക് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഓണ്‍ലൈന്‍ സിനിമാ നിരൂപകരില്‍ ഒരാളാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സിനിമകളെക്കുറിച്ച് നടത്തുന്ന വിമര്‍ശനങ്ങളിലൂടെയാണ് ഇയാള്‍ ജനശ്രദ്ധ നേടിയത്.
































