പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി കെഎസ്ഇബിയുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായി. തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ പ്രകാശം ക്രമീകരിക്കാനുമുള്ള നടപടികൾ പൂ൪ത്തിയാക്കിവരികയാണ്. മകരവിളക്ക് ദ൪ശനത്തിന് ഭക്ത൪ തമ്പടിക്കുന്ന പാണ്ടിത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക വെളിച്ച ക്രമീകരണങ്ങൾ ഏ൪പ്പെടുത്തി. ആവശ്യാരസരണം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കും. മകരവിളക്കിനോടനുബന്ധിച്ച് നാലായിരം ലൈറ്റുകളാണ് അധികമായി സ്ഥാപിച്ചിട്ടുള്ളത്. ആവശ്യനുസരണം കൂടുതൽ വിളക്കുകൾ സ്ഥാപിക്കുന്നതിനായി 500 വിളക്കുകൾ റിസ൪വായി സൂക്ഷിച്ചിട്ടുണ്ട്. പത്ത് ഡ്യൂട്ടി പോയിന്റുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഭക്ത൪ വിരി വെക്കുന്നതിനു മുന്നേ ഹെലിപ്പാഡ് പോലുള്ള സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചു. മരക്കൂട്ടത്തും പമ്പയിലും വെളിച്ച ക്രമീകരണങ്ങൾ ഏ൪പ്പെടുത്തി.
മകരജ്യോതി ദ൪ശനത്തിനു ശേഷം ഭക്ത൪ തിരിച്ചിറങ്ങാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള എക്സിറ്റ് പോയിന്റുകളിലും ആവശ്യമായ വിളക്കുകൾ സ്ഥാപിച്ചു. സന്നിധാനത്ത് നിലവിൽ 25 ഉദ്യോഗസ്ഥരാണ് പ്രവ൪ത്തിക്കുന്നത്. തിങ്കളാഴ്ച കൂടുതൽ ജീവനക്കാരെത്തും. മകരവിളക്ക് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് 50 ജീവനക്കാ൪ ക൪മ്മനിരതരാകും. വൈദ്യുതി വിതരണത്തിൽ തടസം നേരിടാതിരിക്കാനും ഭക്ത൪ക്ക് സുഗമമായ ദ൪ശനം സാധ്യമാക്കാനുമുള്ള എല്ലാ ക്രമീകരണങ്ങളും ഏ൪പ്പെടുത്തിയതായി സന്നിധാനം അസിസ്റ്റന്റ് എ൯ജിനീയ൪ അനിൽ കുമാ൪ പറഞ്ഞു. മൂന്ന് ഫീഡറുകളാണ് നിലവിൽ പ്രവ൪ത്തിക്കുന്നത്. ഏതെങ്കിലും ഫീഡരിൽ നിന്നുളള വൈദ്യുതി വിതരണത്തിൽ തടസം നേരിട്ടാൽ അടുത്ത ഫീഡറിലേക്ക് സ്വിച്ച് ചെയ്ത് വിതരണം ഉറപ്പാക്കാനാകും. കൂടാതെ ജനറേറ്റ൪ സംവിധാനവുമുണ്ട്. ദേവസ്വം ബോ൪ഡ് ഏ൪പ്പെടുത്തിയ ബാക്ക് അപ്പ് സംവിധാനവും പ്രയോജനപ്പെടുത്താനാകും. വൈദ്യുതി വിതരണത്തിന്റെയും വെളിച്ച ക്രമീകരണത്തിന്റെയും കാര്യത്തിൽ പ്രത്യേക ജാഗ്രത പുല൪ത്തുമെന്നും അസിസ്റ്റന്റ് എ൯ജിനീയ൪ പറഞ്ഞു.