റാന്നി : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി. നേരത്തെ കേസ് നിലനിന്നിരുന്ന സാഹചര്യത്തിൽ സ്ഥലത്തിന് എൻഒസി നൽകാൻ പഞ്ചായത്തിന് കഴിയില്ലെന്ന് അറിയിച്ചിരുന്നു. ജൂൺ 20-ന് ജില്ലാ കളക്ടറുടെ ചേംബറിൽ എംഎൽഎയും പഞ്ചായത്ത്, റവന്യു, കെഎസ്ആർടിസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ടെർമിനൽ നിർമിക്കാമെന്ന് നിർദേശമുയർന്നതോടെ സ്ഥലനിർണയം നടത്താൻ യോഗം നിർദേശിച്ചു. ഇക്കാര്യം ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്ന് അറിയിച്ചിരുന്നതായും പ്രസിഡന്റ് പറയുന്നു. കെഎസ്ആർടിസിക്ക് നിലവിൽ സ്ഥലമുള്ളതിനാൽ പഞ്ചായത്ത് പൊന്നുംവില നൽകി ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നതിനാലാണ് കമ്മിറ്റി കൂടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
ഇത് വരെ ഒരു കാര്യത്തിലും ഗ്രാമപഞ്ചായത്ത് കാലതാമസം വരുത്തുകയോ ലഭ്യമായ രേഖകൾ നൽകാതിരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബോധപൂർവമായി മാധ്യമങ്ങളിൽ കൂടി റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുവാൻ പല ഭാഗത്തുനിന്നും ശ്രമം ഉണ്ടാകുന്നത് വേദനാജനകമാണ്. പഞ്ചായത്ത് ഓഫീസ് കെട്ടിടവും അതിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലവും ഒമ്പതര കോടിക്ക് ജപ്തി നടപടി നേരിട്ടപ്പോൾ പഞ്ചായത്ത് ഹൈക്കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് 3 അന്തർ വകുപ്പ് തല തർക്ക പരിഹാര കമ്മറ്റി അടിയന്തിരമായി പഞ്ചായത്തിന് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കേസിന് ആസ്പദമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഈ സ്ഥലത്ത് ഉൾപ്പെടുന്നതാണ് കെഎസ്ആർടിസിയുടെയും ശബരിമല ഇടത്താവളത്തിന്റെയും സ്ഥലം. വർഷങ്ങൾ മുന്നേ തന്നെ ഗ്രാമ പഞ്ചായത്തിന്റെ സ്‌ഥലം കെഎസ്ആർടിസിക്കും പിൽഗ്രിം സെന്ററിനുമായി വസ്തു ഏറ്റെടുത്ത് നൽകിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറായിരുന്നില്ല. ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് പണിയുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മേൽ ആക്കുവാനും പഞ്ചായത്തിന്നെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്തുവാനും മനപ്പൂർവമായി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പ്രതികരിച്ചു.