പത്തനംതിട്ട : കോന്നിയിൽ പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെർമിറ്റ് ഉണ്ടായിരുന്നതായി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. ക്വറിക്കെതിരെ നേരത്തെ നാട്ടുകാർ മലിനീകരണം അടക്കമുള്ള പരാതികൾ നൽകിയിരുന്നെന്നും എന്നാൽ പരിശോധനയിൽ അത്തരത്തിലൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നും കളക്ടർ പറഞ്ഞു. എന്നാൽ അളവിൽ കൂടുതൽ പാറ പൊട്ടിച്ചോ അനുവദിച്ച സ്ഥലത്തായിരുന്നു പാറ പൊട്ടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തും. ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനം ഉടൻ തുടങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് പാറയിടിഞ്ഞയിടത്ത് തിരച്ചില്‍ നടത്തുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. സ്ഥലത്ത് വീണ്ടും പാറക്കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് രക്ഷാപ്രവർത്തനത്തിന് ആശങ്കയുയര്‍ത്തുന്നുണ്ട്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.