ഡൽഹി : കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഈ മാസം 16 മുതൽ തുടങ്ങാൻ ആലോചന. 20 രാജ്യങ്ങളില്‍ നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ തിരികെയെത്തിക്കും. യാത്രാ വിവരങ്ങൾ വ്യോമയാന മന്ത്രാലയം ഉടൻ പുറത്തിറക്കും. ആദ്യ ഘട്ടത്തിലെ പന്ത്രണ്ട് രാജ്യങ്ങളോടൊപ്പം 20 രാജ്യങ്ങളെകൂടി ഉൾപ്പെടുത്തിയാകും വന്ദേ ഭാരതിന്റെ രണ്ടാംഘട്ട രക്ഷാപ്രവർത്തനമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, റഷ്യ, ജർമ്മനി, ഇറ്റലി, ഫിലിപൈൻസ് ,സ്പെയിൻ, തായ്‍ലാന്‍റ് , അയർലന്‍റ്, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ 20 രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയത്. മെയ് 16 മുതൽ 22 വരെയുള്ള സമയങ്ങളിൽ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്ന 25000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനായി 106 വിമാനങ്ങൾ ഉപയോഗപ്പെടുത്തും. എയർ ഇന്ത്യയ്ക്ക് പുറമെ മറ്റ് വിമാന കമ്പനികളെയും രക്ഷാ ദൗത്യത്തിനായി ഉപയോഗിക്കാനും സാധ്യതയുണ്ട്.
താജിക്കിസ്ഥാനിൽ കുടുങ്ങിയ ആദ്യ ഇന്ത്യൻ സംഘത്തെ എത്തിക്കുന്നത് എയർ ഇന്ത്യ വിമാനത്തിലാകില്ല. ഇന്ത്യയിൽ നിന്ന് താജിക്കിസ്ഥാൻ പൗരൻമാരെ കൊണ്ട് പോകാൻ വരുന്ന താജിക്കിസ്ഥാൻ വിമാനത്തിലാകും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷം അവിടെ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യ നടത്തും. ജോർദ്ദാനിൽ നിന്നുള്ള ഇന്ത്യാക്കാരെയും തിരികെ കൊണ്ട് വരാനുള്ള ചർച്ചയും പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
യൂറോപ്യൻ രാജ്യമായ മൾഡോവയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടക്കമുള്ളവരെ നാട്ടിലെത്തിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. 300 വിദ്യാർത്ഥികളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. പന്ത്രണ്ട് ദിവസത്തിനകം അവരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ മൂന്നാം ഘട്ടത്തിലാവും സർവീസ് ആരംഭിക്കുക. ഗർഭിണികൾ, പ്രായമേറിയവർ, വിദ്യാർത്ഥികൾ എന്നിവർക്കാകും ഈ ഘട്ടത്തിലും പ്രഥമ പരിഗണന ലഭിക്കുക.