തിരുവനന്തപുരം: ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ബസ് അവസാനമായി സർവീസ് നടത്തിയ 9ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് പേരാണ് യാത്ര ചെയ്തത്. അവധി ദിവസങ്ങളിൽ മാത്രമാണ് കെഎസ്ആർടിസിക്ക് ബസിൽ നിന്ന് ലാഭം കിട്ടുന്നത്. മറ്റ് ബസുകളിൽ 700 രൂപ നിരക്കാണെങ്കിൽ നവകേരളയിൽ 1240 രൂപയാണ് നിരക്ക്. നിലവിൽ സർവീസ് നടത്തുന്ന റൂട്ടിന് പകരം കോഴിക്കോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
അതേസമയം, യാത്രക്കാരില്ലാത്തതിനാൽ സർവീസ് മുടങ്ങിയിരുന്ന നവകേരള ബസിന്റെ സർവീസ് പുനരാരംഭിച്ചു. കോഴിക്കോട് നിന്ന് 8 യാത്രക്കാരുമായാണ് ബെംഗളൂരുവിലേക്കുള്ള ബസിന്റെ യാത്ര. ചൊവ്വാഴ്ച മുതലായിരുന്നു ബസിന്റെ സർവീസ് മുടങ്ങിയത്. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്‌ക്കുകയായിരുന്നു. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുക്കം യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം.