ജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പതിനാലുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി കോൾട്ട് ഗ്രേക്കെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛൻ കോളിൻ ഗ്രേയെയും അറസ്റ്റ് ചെയ്തു. ജോർജിയയിലെ ഹൈസ്കൂളിൽ ഇന്നലെ ഉണ്ടായ വെടിവയ്പ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരിൽ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. സംഭവം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു.
എആർ- 15 തോക്ക് ഉപയോഗിച്ചാണ് പതിനാലുകാരൻ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്മസ് സമ്മാനമായി അച്ഛൻ വാങ്ങി നൽകിയ റൈഫിൾ ഉപയോഗിച്ചായിരുന്നു അക്രമമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെടിവയ്പ്പിനെ കുറിച്ച് വീഡിയോ ഗെയിമർമാരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കോൾട്ട് ഗ്രേ നേരത്തെ സൂചന നൽകിയിരുന്നു എന്നാണ് വിവരം. ആ സമയത്ത് തോക്ക് കണ്ടുകെട്ടാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വേട്ടയാടാൻ കുട്ടി തോക്ക് ഉപയോഗിക്കുമ്പോൾ കുടുംബത്തിന്‍റെ മേൽനോട്ടമുണ്ടാകുമെന്ന് കുട്ടിയുടെ അച്ഛൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അച്ഛനൊപ്പം തോക്കുമായി കുട്ടി വേട്ടയ്ക്ക് പോവാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.