തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വേര്‍പാടിൽ മനംതകര്‍ന്ന് അമ്മ. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുമ്പോഴും സങ്കടമടക്കാനാകാതെ കരയുന്ന ജോയിയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ കൂടെയുള്ളവരും കുഴങ്ങി. ജോയിയുടെ സംസ്കാര ചടങ്ങുകള്‍ക്കുശേഷം തന്‍റെ പ്രിയപ്പെട്ട മകൻ നഷ്ടപ്പെട്ട വേദനക്കിടെയും മകനോടൊപ്പമുള്ള ഓര്‍മകള്‍ ആ അമ്മ പങ്കുവെച്ചു. എല്ലാ ദിവസവും തനിക്ക് പലഹാര പൊതിയുമായി വരുമായിരുന്നുവെന്നും ഇനി അവൻ ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം താങ്ങാനാകുന്നില്ലെന്നും അമ്മ പറഞ്ഞു. രക്ഷപ്പെടാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് ജോയി അപകടത്തില്‍പ്പെട്ടത്. അല്ലെങ്കില്‍ നീന്തി രക്ഷപ്പെടുമായിരുന്നു. എല്ലാ ജോലിക്കും പോകുമായിരുന്നുവെന്നും അമ്മ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് കഴിയുന്നതിന്‍റെ പരമാവധി ചെയ്തുവെന്നും അതില്ലെല്ലാം പൂര്‍ണ തൃപ്തിയുണ്ടെന്നും ജോയിയുടെ സഹോദരന്‍റെ മകൻ ഷിജിൻ പറഞ്ഞു. നാല് ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇതില്‍ എംഎല്‍എയും മേയറും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷിജിൻ പറഞ്ഞു.
മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തയാള്‍ ഇതുവരെയും കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവിടെ എത്തിയിട്ടില്ലെന്നും റെയില്‍വെയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം വിഎസ്‍ബിനു പറഞ്ഞു. ജോയിയുടെ കുടുംബത്തിന് നല്‍കിയ നാല് ഉറപ്പുകള്‍ പാലിക്കപ്പെടണമെന്നാണ് പ്രതീക്ഷയെന്നും വിഎസ് ബിനു പറഞ്ഞു. ജോയിയുടെ മാതാവിന് പത്തു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, വീട് നല്‍കണം, വീട്ടിലേക്കുള്ള വഴി ശരിയാക്കണം, ജോയിയുടെ ആശ്രിതനായ സഹോദരന്‍റെ മകന് നഗരസഭയോ റെയില്‍വെയോ ജോലി നല്‍കണം എന്നീ നാല് ആവശ്യങ്ങളിലാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതെന്നും വിഎസ് ബിനു പറഞ്ഞു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഏറെ വികാര ഭരിതമായിരുന്നു ജോയിയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച. അമ്മയുടെയും ബന്ധുക്കളുടെയും കരച്ചില്‍ ചുറ്റുമുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.