പത്തനംതിട്ട : പ്രതിഷേധിക്കുന്നവരേയും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരേയും മര്‍ദ്ദിച്ച് ഒതുക്കുയും ഇരുമ്പഴിക്കുള്ളിലാക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഫെബ്രുവരി 9 മുതല്‍ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി സംസ്ഥാന പ്രചരണ ജാഥ, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ഡി.സി.സി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധൂര്‍ത്തിന്‍റെ പര്യായമായ നവകേരളാ സദസ്സിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി ആക്രമിക്കുകയും സമരത്തിന് നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ വെളുപ്പാന്‍ കാലത്ത് വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടി നീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടങ്ങളെ അധികാരത്തില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം നസ്സീര്‍, അഡ്വ. പഴകുളം മധു, നേതാക്കളായ മാത്യു കുളത്തുങ്കല്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, സതീഷ് ചാത്തങ്കേരി, കെ. ജാസിം കുട്ടി, വിനീതാ അനില്‍, ജോണ്‍സണ്‍ വിളവിനാല്‍, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, വിജയ് ഇന്ദുചൂഡന്‍, രജനി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, കെ. ശിവപ്രസാദ്, എബി മേക്കരിങ്ങാട്ട്, ആര്‍. ദേവകുമാര്‍, ദീനാമ്മ റോയി, പ്രൊഫ. പി.കെ മോഹന്‍രാജ്, എസ്. ബിനു, സക്കറിയ വര്‍ഗ്ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കുട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സര്‍ക്കാര്‍ നടപടിയിലും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ്, സി.പി.എം ആക്രമണത്തിലും ജില്ലാ കോണ്‍ഗ്രന് കമ്മിറ്റി നേതൃയോഗം ഒരു പ്രമേയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.