റാന്നി: അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളം ഡാമിന്‍റെ ഷട്ടറുകള്‍ക്ക് മുകളിലൂടെ ഒഴുകിയത് ആശങ്കക്കിടയാക്കി. മണിയാര്‍ ഡാമില്‍ ഇന്ന് വൈകിട്ടാണ് നാട്ടുകാര്‍ക്ക് ആശങ്ക സമ്മാനിച്ചുകൊണ്ട് ഷട്ടറിന് മുകളിലൂടെ വെള്ളം കുതിച്ചൊഴുകിയത്. വെള്ളം നിയന്ത്രിക്കുന്നതിന് ഷട്ടര്‍ തുറക്കാന്‍ വൈകിയതു മൂലമാണ് ഇത്തരം സ്ഥിതി സൃഷ്ടിച്ചത്. വെള്ളം തുറന്ന് വിടാൻ മണിയാർ ഡാമിന്റെ ഷട്ടർ പൊക്കാൻ കഴിയാഞ്ഞത് വയറിങ് ഷോർട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് പ്രശ്നം പരിഹരിച്ച് ഷട്ടറുകൾ പൊക്കാൻ കഴിഞ്ഞതോടെയാണ് ആശ്വാസമായത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. കിഴക്കൻ മേഖലകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കക്കാട്ടാറിലൂടെ വൻതോതിലാണ് വെള്ളം പെട്ടെന്ന് ഒഴുകിയത്തിയത്.
ഡാം നിറയുമെന്ന നിലയിലേക്ക് വെള്ളം എത്തിയപ്പോൾ അധികൃതർ ഷട്ടർ ഉയർത്താൻ ശ്രമിച്ചു. അപ്പോഴാണ് ഇവ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയത്. മണിയാർ ഡാമിൽ ഷട്ടർ മാറ്റുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ്. വയറുകൾ ഷോർട്ടായി വൈദ്യുത ബന്ധം നിലച്ചതിനാൽ ഷട്ടറുകൾ ഉയർത്താൻ പറ്റാതെയായി. ഇതോടെ ഇരച്ചെത്തിയ വെള്ളം ഡാമിന്റെ ഷട്ടറുകൾക്ക് മുകളിലൂടെ ഒഴുകി തുടങ്ങിയത് കനത്ത ആശങ്കയ്‌ക്കിടയാക്കി. ഇതിനിടെ മനുഷ്യ ശേഷിയില്‍ ഷട്ടർ ഉയർത്താനും വയറിങ്ങിന്റെ തകരാർ പരിഹരിക്കാനും അധികൃതർ നടത്തിയ ശ്രമം ഫലം കണ്ടു. തുടര്‍ന്ന് തകരാർ പരിഹരിച്ച് വൈദ്യുതി ഉപയോഗിച്ച് തന്നെ ഷട്ടറുകൾ ഉയർത്തി വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനായത് ആശ്വാസമായി.