ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതി നിരീക്ഷണം. മതപരമായ സ്വത്തുവകകൾ സംരക്ഷിക്കാൻ മതങ്ങൾക്ക് അധികാരമുണ്ടെന്ന് കപിൽ സിബൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുപടി. തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്ന് സോളിസിറ്റർ ജനറൽ വാദിച്ചപ്പോൾ വഖഫ് ഭൂമിയിൽ തർക്കം ഉണ്ടായാൽ കലക്ടർ എങ്ങനെ തീരുമാനമെടുക്കുമെന്നും വഖഫ് സ്വത്ത് സംബന്ധിച്ച് ജില്ലാ കലക്ടർ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.
ഹിന്ദുക്കൾക്ക് വേണ്ടിയും മുസ്‌ലിംകൾക്ക് വേണ്ടിയും നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. ഭരണഘടനയുടെ 25ാം അനുച്ഛേദം ഭരണഘടനയോട് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. സംരക്ഷിതമായി പ്രഖ്യാപിച്ചതിനുശേഷം വഖഫായി പ്രഖ്യാപിച്ചതിനെ എതിർക്കരുത്. സംരക്ഷിത സ്മാരകങ്ങൾ വഖഫായി കണക്കാക്കാൻ ആകില്ലെന്നും പുരാതന സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. തിരുപ്പതി ബോർഡിൽ അഹിന്ദുക്കൾ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പുരാതന മസ്ജിദുകൾക്ക് രേഖകൾ എങ്ങനെ ഉണ്ടാകുമെന്നും കോടതി. വഖഫ് ഭൂമികൾ റീ രജിസ്റ്റർ ചെയ്യുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.