ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അത്തരം നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അതത് ജഡ്ജിമാര്‍ തന്നെയാണെന്നും ഇത് സംബന്ധിച്ച നിയമ നിര്‍മാണം നടത്തേണ്ടത് സര്‍ക്കാറാണെന്നും കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഒരു ജഡ്ജി അത്തരം നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന തീരുമാനം അയാള്‍ക്ക് തന്നെ വിടുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിയമം പാസാക്കണമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും വിരമിച്ച ജഡ്ജിമാര്‍ കൈയാളുന്ന നിരവധി പദവികളുണ്ടെന്ന് കോടതി വിലയിരുത്തി. “ഗവര്‍ണറുടേത് ഒരു ഭരണഘടനാ പദവിയാണ്. ട്രൈബ്യൂണല്‍ നിയമനങ്ങളും അങ്ങനെയെങ്കില്‍ തടയേണ്ടി വരുമോ” എന്നും കോടതി ഹര്‍ജി പരിഗണിക്കവെ ആരാഞ്ഞു. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.