ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് സുപ്രീം കോടതി. വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല എന്നത് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കാരണമല്ലെന്നും സുപ്രീം കോടതി കോടതികളെയും പോലീസിനെയും ഓർമ്മിപ്പിച്ചു. കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
“ഏ ഖൂം കെ പ്യാസെ ബാത് സുനോ” എന്ന കവിത പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയ വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പോലീസ് നടപടി സ്വീകരിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അമിത ഉത്സാഹം കാണിച്ച ഗുജറാത്ത് പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.