ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. വിഷയം ഏപ്രിൽ 29-ന് തുടങ്ങുന്ന വാരത്തിൽ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മേയ് ആറിനാണ് ലിസ്റ്റുചെയ്തതെന്ന് വെള്ളിയാഴ്ച കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്. അതിനിടെ, തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇ.ഡി.യെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നാരോപിച്ച് കെജ്‌രിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി.
ബി.ജെ.പി.യുടെ വലിയ രാഷ്ട്രീയ എതിരാളികളായ ആം ആദ്മി പാർട്ടിക്കും നേതാക്കൾക്കും നേരേ കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള അറസ്റ്റ് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനു വിരുദ്ധമാണ്. നിയമവിരുദ്ധമായ അറസ്റ്റ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കുമേൽ ഭരണകക്ഷിക്ക് മേൽക്കൈ നൽകുന്നതാണെന്നും കെജ്‌രിവാൾ അപേക്ഷയിൽ പറഞ്ഞു.