പുനലൂർ: വൈദ്യുതീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ സോമേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി.വൈദ്യുതീകരണ ജോലികളിൽ തകരാറുണ്ടോ എന്ന് വിലയിരുത്താനായിരുന്നു അപ്രതീക്ഷിത പരിശോധന നടത്തിയത്.ചെങ്കോട്ടമുതൽ പുനലൂർ വരെയുള്ള 49 കിലോമീറ്റർ ദൂരത്തെ റെയിൽപ്പാതയിലെ ആറു തുരങ്കങ്ങളിലും 50ൽഅധികം വളവുകളിലും നിരവധി പാലങ്ങളിലും പരിശോധന നടത്തി. വൈദ്യുതി ലൈനുകളിൽ തകരാർ ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പഠനങ്ങളും പരിശോധനകളും മൂന്ന് ദിവസം ഉണ്ടാകും. പരിശോധനയിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ചർച്ച ചെയ്തു പരിഹരിച്ച ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ. വൈദ്യുതീകരണജോലികൾ പൂർത്തിയായാൽ ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും കൊല്ലത്തേക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ കൊല്ലം മുതൽ പുനലൂർ വരെ റെയിൽ പാതയിൽ ഒന്നര വർഷം മുമ്പ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. തുടർന്ന് തുരങ്കങ്ങളും കണ്ണറപ്പാലങ്ങളും ഉള്ള ദുർഘട മേഖലയിൽ കഴിഞ്ഞ വർഷമാണ് വൈദ്യുതീകരണ ജോലികൾ തുടങ്ങിയത്.