തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ലഹരി കേസിൽ പിടിയിലായ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. രണ്ടു ദിവസം മുമ്പ് കഞ്ചാവുമായി പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചത്. തലനാരിഴക്കാണ് ഉദ്യോഗസ്ഥനും കുടുംബവും ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. ഉദ്യോഗസ്ഥനും കുടുംബവും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കാറിന് പിന്നാലെ ബൈക്കിൽ അൽത്താഫ് പിന്തുടരുകയായിരുന്നു. ഇതിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കാറിനെ ചേസ് ചെയ്ത് ബാലരാമപുരം വരെ അൽത്താഫ് എത്തി. ബാലരാമപുരത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയതോടെ അൽത്താഫ് പിന്തിരിഞ്ഞു.
തുടര്‍ന്നാണ് ഉദ്യോഗസ്ഥൻ കാറിൽ യാത്ര തുടര്‍ന്നത്. പോലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥനും കുടുംബവും രക്ഷപെട്ടത്. വൈകിട്ട് അൽത്താഫിനെ തേടി എക്സൈസ് സംഘം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇതിനിടെ അൽത്താഫ് ഓടി രക്ഷപെട്ടു. ആക്രമണ ശ്രമത്തിനെതിരെ നെയ്യാറ്റിൻകര പോലീസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥനടക്കമുള്ളവര്‍ കഴിഞ്ഞ ദിവസമാണ് അൽത്താഫിനെ കഞ്ചാവുമായി പിടികൂടിയത്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.