തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്ക്തല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എൽ.എ, എം.പിമാരായ ഡോ.ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, വി.ശശി, എം.വിൻസെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വഴുതക്കാട് ഡിവിഷൻ കൗൺസിലർ രാഖി രവികുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ നേതൃത്വം നൽകും.
തിരുവനന്തപുരം ജില്ലാ താലൂക്ക്തല അദാലത്ത് 9 മുതൽ 17 വരെ
തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരം താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച ഗവൺമെന്റ് വിമെൻസ് കോളേജിൽ നടക്കും. ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിലും ഡിസംബർ 12ന് നെടുമങ്ങാട് താലൂക്ക്തല അദാലത്ത് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലും നടക്കും. ഡിസംബർ 13ന് ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലും ഡിസംബർ 16ന് വർക്കല താലൂക്ക് തല അദാലത്ത് വർക്കല എസ്.എൻ കോളേജിലും നടക്കും. ഡിസംബർ 17ന് കാട്ടാക്കട താലൂക്ക്തല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജും വേദിയാകും.
——
ജില്ലയിൽ ഇതുവരെ ലഭിച്ചത് 3,803 അപേക്ഷകൾ
തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച (ഡിസംബർ 07, വൈകിട്ട് നാല് മണി വരെ) വരെ ലഭിച്ചത് 3,803 അപേക്ഷകളാണ്. തിരുവനന്തപുരം താലൂക്ക് – 1070, നെയ്യാറ്റിൻകര താലൂക്ക് – 642, നെടുമങ്ങാട് താലൂക്ക് – 1051, ചിറയിൻകീഴ് താലൂക്ക് – 320, വർക്കല താലൂക്ക് – 407,കാട്ടാക്കട താലൂക്ക് – 313 എന്നിങ്ങനെയാണ് കണക്ക്.