ജനീവ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു. 90 ദിവസത്തേക്ക് പകര ചുങ്കം പിൻവലിക്കാൻ സമ്മതമാണെന്ന് അമേരിക്കയും ചൈനയും ധാരണയായി. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചു. മെയ് 14മുതല്‍ പുതുക്കിയ തീരുവകൾ പ്രാബല്യത്തിലാകും. സ്വിറ്റ്‌സര്‍ലൻഡിന്‍റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടന്ന മാരത്തൺ വ്യാപാര ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്, ചൈനീസ് പ്രധാനമന്ത്രി ഹെ ലിഫെങ്ങ് എന്നിവരാണ് ചര്‍ച്ച നയിച്ചത്.
തീരുമാനപ്രകാരം ചൈനീസ് ഉൽപന്നങ്ങൾക്ക് നിലവിലുള്ള 145 ശതമാനം തീരുവ 30 ശതമാനമാക്കി അമേരിക്ക കുറയ്ക്കും. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുമത്തിയ 125 ശതമാനം തീരുവ ചൈന 10 ശതമാനമായും കുറക്കും. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ ഏപ്രിൽ മുതലാണ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ചൈന അമേരിക്കൻ ഇറക്കുമതിക്ക് 125ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ വഷളാകുകയും ചെയ്തു.