ഇടുക്കി: ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തി. പല സംഘങ്ങൾ ആയി വനപാലകർ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കടുവക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്നും കടുവയെ കണ്ടാൽ മയക്കു വെടി വെക്കാൻ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. കടുവയുടെ സാന്നിധ്യം ഉണ്ടെന്നു കരുതുന്ന ഹില്ലാഷ്, അരണക്കൽ എന്നീ മേഖലകളിൽ എല്ലായിടത്തുമായി മൂന്നു കൂടുകൾ സ്ഥാപിക്കും. നിലവിൽ രൂപീകരിച്ചിരിക്കുന്ന പ്രത്യേക സംഘത്തെ ദൗത്യ മേഖലയിൽ നിന്ന് പിൻവലിക്കില്ല. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ രംഗത്തെത്തി. തോട്ടം തൊഴിലാളികൾക്കും സ്കൂൾ കുട്ടികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.