കോന്നി : കോന്നി നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ഇല്ലാത്തത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ കോന്നി നഗരത്തിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോം ഗാർഡുകളെ ആണ് പലയിടത്തും നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുയരുന്നു. കോന്നി ട്രാഫിക് ജംഗ്ഷൻ, ചൈനമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കുരുക്ക് രൂക്ഷമാകുന്നത്. കോന്നി പോലീസ് സ്റ്റേഷൻ റോഡ്, ആനക്കൂട് റോഡ്, പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യമായ ആളുകൾ പലയിടത്തും ഇല്ല.
ഹോം ഗാർഡുകളെ കൂടാതെ പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ കോന്നിയിലെ വാഹന തിരക്ക് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് കോന്നിയിലൂടെ കടന്നുപോകുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് അവസാനിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതു മുതൽ കോന്നിയിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്.
കോന്നിയിലെ പൊതു നിരത്തുകൾക്ക് അരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. റോഡിൽ പലയിടത്തും സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിംഗ് ബോർഡുകൾക്ക് അടുത്തായാണ് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോന്നിയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ മണ്ഡല കാലത്ത് നിയോഗിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാരം കാണുവാൻ സാധിക്കൂ. നാഗരത്തിൽ നിയോഗിച്ചിരിക്കുന്ന ഹോം ഗാർഡുകളുടെ പരിചയകുറവും ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനെ സാരമായി ബാധിക്കുന്നുണ്ട്