ബംഗളൂരു: ഉയർന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതിയുമായി പതിനെട്ടോളം ദലിത് കുടുംബങ്ങൾ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. തങ്ങളുടെ വീടുകളിലേക്കുള്ള വഴി ഉയർന്ന ജാതിക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് നിരവധി ദലിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാർ പറഞ്ഞു.
സ്ഥിരമായി ഇവർ സഞ്ചരിച്ചിരുന്ന വഴിയിൽ കമ്പിവേലി കെട്ടി മറച്ചതോടെയാണ് ഇവർ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ദലിതരെ അസഭ്യം പറയുകയായിരുന്നു. മഡ്ഡൂർ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള ദലിതരാണ് പരാതിക്കാർ. ഗ്രാമത്തിലെ ശശി കുമാർ, രമേശ് എന്നിവരുടെ മൂന്നേക്കർ ഭൂമിയിലെ 19.5അടി വീതിയും 60 മീറ്റർ നീളവുമുള്ള റോഡായിരുന്നു ദലിത് വിഭാഗം ഉപയോഗിച്ചിരുന്നത്. പതിനെട്ടോളം ദലിത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക റോഡും ഇത് തന്നെയാണ്.