വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർ അകപ്പെട്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മറ്റ് ജീവിതമാർഗം ഇല്ലാത്ത ദുരന്തബാധിതർക്ക് സർക്കാരിൽ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം കൂടി കൃത്യമല്ലാതായതോടെ ദുരിത കയത്തിലാണ്. നിരവധി പേർക്കാണ് ഇനിയും ദിവസം 300 രൂപ വെച്ചുള്ള സഹായം കിട്ടാനുള്ളത്. വാടകയും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്നും ഇതുവരെ ഒരു രൂപ പോലും പ്രത്യേക ധനസഹായമായി കേരളത്തിൽ നൽകിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിൽ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്ന കൃതമായ കണക്ക് നൽകാത്തതിൽ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാൻ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേന്ദ്രത്തോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്ക് വേണം. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ല. ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും കോടതി വിമര്‍ശിച്ചു.