കോന്നി : കോന്നി മെഡിക്കൽ കോളേജിലേക്ക് നിർമ്മിക്കുന്ന ആനകുത്തി മെഡിക്കൽ കോളേജ് റോഡിൽ വർഷങ്ങളായി ജനങ്ങൾ ഉപയോഗിക്കുന്ന കിണർ സംരക്ഷിക്കപ്പെടണം എന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് നൂറ് കണക്കിന് ആളുകൾ ഉപയോഗിച്ച് വരുന്ന കിണർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇല്ലാതെ ആകുന്ന അവസ്ഥയാണ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും ബാധിക്കാത്ത തരത്തിൽ നാട്ടുകാർക്ക് ഉപയോഗപ്രദമായ ഈ കിണർ സംരക്ഷിച്ച് റോഡ് നിർമാണം പൂർത്തിയാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വട്ടമൺ, നെടുംപാറ, പെരിഞൊട്ടെക്കൽ ഭാഗത്ത് താമസിക്കുന്നവർ ആണ് കുടിവെള്ളത്തിനായി കിണറിനെ ഏറെയും ആശ്രയിക്കുന്നത്.
റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന കിണർ ആയതിനാൽ തന്നെ വേനൽ കാലത്ത് അടക്കം വാഹനങ്ങളിൽ ഉൾപ്പെടെ ഇവിടെ നിന്ന് കുടിവെള്ളം കൊണ്ടുപോകുന്നുണ്ട്. പ്രദേശത്തെ ജലാശയങ്ങൾ എല്ലാം വറ്റി വരണ്ടാലും ഈ കിണർ മാത്രം വറ്റാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകൾ പ്രദേശത്ത് ഉണ്ട്. ഈ കിണർ ഇല്ലാതെ ആയാൽ കിലോമീറ്ററുകൾ താണ്ടി വേണം ആളുകൾക്ക് വെള്ളം ശേഖരിക്കാൻ പോകാൻ. കിണർ സംരക്ഷിക്കപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജന പ്രതിനിധികൾക്കും പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അടക്കം നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ.