കോരുത്തോട് : ഉൾവനത്തിൽ പരിശോധനയ്ക്കിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്കു പരുക്ക്. വാച്ചറെ ആശുപത്രിയിൽ എത്തിക്കാനായി സഹപ്രവർത്തകർ വനത്തിലൂടെ ചുമന്നത് 10 കിലോമീറ്റർ. ആറു മണിക്കൂര്‍ സമയം എടുത്തു ഇത്രയും ദൂരം നടന്നെത്താന്‍. പമ്പ റേഞ്ചിലെ മുക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ മൂഴിക്കൽ പാറാംതോട് ഓലിക്കൽ പുഷ്പാംഗദന്(52) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇടുക്കി ജില്ലയുടെ അതിർത്തി ഭാഗമായ എണ്ണയ്ക്കാവള്ളി ക്ഷേത്രം ഭാഗത്താണ് സംഭവം. മുക്കുഴി സ്റ്റേഷനിൽ നിന്നു മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് പുഷ്പാംഗദൻ വനം പരിശോധനയ്ക്ക് പോയത്. ഓടിയെത്തിയ കാട്ടുപോത്ത് പുഷ്പാംഗദനെ തുടയിൽ കൊമ്പു കുത്തി പൊക്കി എറിയുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. വാച്ചർമാർ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിമറഞ്ഞു. പമ്പ റേഞ്ചിലെ മുക്കുഴി സ്റ്റേഷനിൽ നിന്നു 10 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന എണ്ണയ്ക്കാവള്ളി പ്രദേശം.
ഉടൻ തന്നെ വനംവകുപ്പ് ഓഫിസിൽ വിവരം അറിയിച്ചു. വാഹനങ്ങൾ കടന്നു ചെല്ലാത്ത സ്ഥലം ആയതിനാൽ പുഷ്പാംഗദനെ ഒപ്പമുണ്ടായിരുന്ന കെ.ജി.ജിനീഷ്, ലിബിൻ ജോസഫ് എന്നിവർ ചേർന്ന് ചുമന്ന് കോരുത്തോട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി. മറ്റ് ഉദ്യോഗസ്ഥരും ഉടൻ സംഭവ സ്ഥലത്തെത്തി. വൈകിട്ട് ആറു മണിയോടെ കോരുത്തോട്ടിലെത്തിച്ച് ആംബുലൻസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുട എല്ലിന് സാരമായി പരുക്കേറ്റ പുഷ്പാംഗദനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.