ബെംഗളൂരു: ഷോപ്പിങ് മാളിൽ രാത്രി 2.30ന് സംശയകരമായി കണ്ടത് ചോദ്യം ചെയ്ത പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ച് യുവതി. അസഭ്യം വിളിച്ചും ചെരിപ്പ് വലിച്ചെറിഞ്ഞും പ്രോകപിതയായ യുവതിയെ ഒടുവിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവനഗരെയിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റായ യുവതിയാണ് പോലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. ഷോപ്പിംഗ് മാള്‍ ക്ലോസ് ചെയ്തതിനു ശേഷവും യുവതിയെ അകത്ത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ എത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ജീവനക്കാരൻ യുവതിയോട് ഷോപ്പിംഗ് മാള്‍ അടച്ചുവെന്നും പുറത്തു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി സെക്യൂരിറ്റി ജീവനക്കാരനോട് വഴക്കിട്ടു. പിന്നീടുണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. എന്നാൽ തന്നെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും യുവതി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. രാത്രി 10.30നുള്ള സിനിമ കാണാനായാണ് യുവതി മാളിൽ എത്തിയതെന്ന് പോലീസ് പറയുന്നു. തുടർന്ന് സിനിമ വിട്ടശേഷം മടങ്ങാതെ ഷോപ്പിങ് മാളിൽ തന്നെ കഴിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും യുവതി അടങ്ങിയില്ല, അവിടെയും ഇവർ അക്രമം തുടർന്നതായി പോലീസ് പറയുന്നു.