ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്നമേളയുടെ 29-ാംപതിപ്പ് വെള്ളിയാഴ്ച സമാപിച്ചു. ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമാപനദിനം മേള സന്ദർശിച്ചു. ഭാവി ഭക്ഷ്യവ്യവസായത്തെ രൂപപ്പെടുത്തുന്ന പുത്തൻ ആശയങ്ങളും പ്രവണതകളും പ്രദർശിപ്പിക്കുന്ന വേദിയെന്നനിലയിൽ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനം ഗൾഫുഡ് ശക്തിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ഭക്ഷണസമ്പ്രദായത്തിലേക്ക് മാറുന്നതിനും സുസ്ഥിര ഭക്ഷ്യ ഉത്പാദനത്തെ പ്രോത്സാപ്പിക്കുന്നതിന് പുതു വഴികൾ തുറന്നുമാണ് ഗൾഫുഡിന്റെ ഓരോപതിപ്പും സമാപിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ, ഭക്ഷ്യ രീതികൾ, ഉത്പാദനവുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരമാണ് സന്ദർശകർക്ക് മേള നൽകിയത്. ആഗോള ഭക്ഷ്യ സംവിധാനത്തിലെ പ്രധാന പ്രവണതകൾ, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിന് നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള മാതൃകാപരമായ ഇടപെടലുകൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ സജീവ ചർച്ചയായി.