മഹോബ : ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഒടുവില്‍ യുവതി മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ മഹോബ കുല്‍പാഹര്‍ സ്വദേശിയായ 30 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ജാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു യുവതി ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.
മകനെതിരെ മാനഭംഗ കേസ് ഫയല്‍ ചെയ്തതിന് പ്രതികാരമായാണ് പ്രതിയുടെ മാതാപിതാക്കള്‍ ജീവനോടെ മണ്ണെണ്ണയൊഴിച്ച് യുവതിയെ തീകൊളുത്തിയത്. ഞായറാഴ്ച മൊഴിയെടുക്കാനെത്തിയ മജിസ്ട്രേറ്റിനോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. തന്നെ അടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അയല്‍ വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്ന് യുവതി തുറന്നു പറഞ്ഞിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അമ്മയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.