തിരുവല്ല: തിരുവല്ലയില്‍ രാത്രി കാലങ്ങളില്‍ ഓട്ടോയില്‍ സഞ്ചരിച്ച് മോഷണം നടത്തിവന്ന രണ്ടു പേര്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍മാരായ സുനില്‍ കുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലും പരിസരങ്ങളിലും രാത്രി കാലങ്ങളില്‍ പതിവായി നടക്കാറുണ്ടായിരുന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
തിരുവല്ലയിലും പരിസരങ്ങളിലും രാത്രി കാലങ്ങളില്‍ മോഷണം പെരുകുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റിലായത്. കുറ്റപ്പുഴ ആമല്ലൂര്‍ പുതുച്ചിറ സുനില്‍ കുമാര്‍, കവിയൂര്‍ തോട്ടഭാഗം താഴത്തെ ഇടശേരില്‍ രാജേഷ് എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
രാത്രി സമയത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. രാത്രിയില്‍ യാത്രക്കാരെ കാത്തിരിക്കുന്നുവെന്ന വ്യാജേന സ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്തു കിടക്കുകയും നഗരം വിജനമാകുമ്പോള്‍ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി.
ആളില്ലാത്ത വീടുകളും സ്ഥലങ്ങളും നേരത്തെ ഇവര്‍ കണ്ടെത്തും. കഴിഞ്ഞ രാത്രി തോട്ടഭാഗം ഞാലിക്കണ്ടം റോഡിനു സമീപമുള്ള വീട്ടില്‍ നിന്ന് വീട് നിര്‍മ്മിക്കുന്നതിന് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റു വസ്തുക്കളും മോഷ്ടിച്ച് ഓട്ടോയിലാക്കി കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും രാത്രിയില്‍ ഇരുവരും നിരവധി മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു .