എരുമേലി : കനകപ്പലത്ത് വീട്ടില്‍നിന്ന് ഐഫോണും ചാര്‍ജറും മോഷ്ടിച്ചയാളെക്കുറിച്ചു വീട്ടുടമ പോലീസില്‍ വിവരമറിയിച്ചു, സിസിടിവി ദൃശ്യം സഹിതമാണു പരാതി നല്‍കിയത്. പ്രതി എരുമേലിയിലെ വാഹന സര്‍വീസ് സ്റ്റേഷനിലെ തൊഴിലാളിയാണെന്നു മനസ്സിലാക്കിയ പോലീസ് അവിടെയെത്തി. പ്രതിയുടെ ഫോട്ടോ പ്രതിയെത്തന്നെ കാണിച്ചിട്ട് ‘ഇയാള്‍ ഇവിടെയുണ്ടോ’എന്നു ചോദിച്ചു. ‘ഇല്ലല്ലോ സാറേ’ ആള്‍ പണി നിര്‍ത്തിപ്പോയെന്നു കള്ളന്‍ മറുപടിയും നല്‍കി.
പ്രതിയുടെ പടവുമായി പിന്നീടു രണ്ടു തവണ കൂടി പോലീസ് എത്തിയെങ്കിലും ഇയാള്‍ പതിവുപല്ലവി ആവര്‍ത്തിച്ചു. വിശദാന്വേഷണത്തില്‍ ആളെ പിടികിട്ടിയ പോലീസ് പൊക്കാനെത്തിയപ്പോള്‍ കള്ളന്‍ കടന്നുകളഞ്ഞു. തൊണ്ടിമുതല്‍ മാത്രം ലഭിച്ചു. ചിത്രത്തിലെ അവ്യക്തത കള്ളനു താല്‍ക്കാലിക രക്ഷയായെങ്കിലും സര്‍വീസ് സ്റ്റേഷന്‍ ഉടമയെ വിളിച്ചു വീണ്ടുമന്വേഷിച്ചു.
കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഉടമ വിവരം നല്‍കിയതോടെ സി.ഐ പാഞ്ഞെത്തി ആ ഒന്നൊന്നര വരവു കണ്ടതോടെ പന്തികേടു തോന്നിയ കള്ളന്‍ ഓടി മറഞ്ഞു. മോഷണം പോയ ഫോണ്‍ കടയില്‍ ഊരിവെച്ച ഇയാളുടെ ഷര്‍ട്ടു പരിശോധിച്ചപ്പോള്‍ പോലീസിനു കിട്ടി.