തൃശൂർ : തൃശൂർ എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് മോഷ്ടാവ് 25,000 രൂപ കവർന്നു. സമീപത്തുള്ള വെറ്ററിനറി ആശുപത്രിയിൽ നിന്നും മോഷ്ടാവ് പണം കവർന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് വഴിപാട് കൗണ്ടർ ഇരിക്കുന്ന സ്റ്റോർ റൂമിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്. സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു.
വഴിപാട് കൗണ്ടറിന്‍റെ മുറിയുടെ പൂട്ടും തകർത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്. ഇതിനു സമീപം ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിന്‍റെറെ ശ്രദ്ധയിൽ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ദേവീ ക്ഷേത്രത്തിന് മുൻപിലെ ഭണ്ഡാരത്തിന്‍റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ കയറിയതെന്ന് കരുതുന്നു.