കാളികാവ്: ജനൽ പൊളിച്ച് പള്ളിയിൽ മോഷണം നടത്തിയ പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ. അസം സ്വദേശി നഗാവു ജില്ലക്കാരൻ മൻജിൽ ഇസ്ലാം (27) ആണ് പിടിയിലായത്. വിവരം അറിഞ്ഞെത്തിയ കാളികാവ് പോലീസാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ കാളികാവ് വെന്തോടൻപടി മസ്ജിദിലാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയിൽനിന്ന് കണ്ടെടുത്തു. രാത്രി ഒമ്പതിന് പള്ളി പൂട്ടിപ്പോയ ശേഷമായിരുന്നു മോഷണം നടത്തിയത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസിട്ട ചെറിയ ജനൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. പ്രഭാത നമസ്കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രാത്രി പരിശോധനയാണ് മോഷ്ടാവിനെ പിടികൂടാൻ പോലീസിന് സഹായകമായത്. ബുധനാഴ്ച രാത്രി ഇതേ പോലീസ് സംഘം പരിശോധനക്കിടെ സംശയാസ്പദമായി കണ്ട മർജിൽ ഇസ്ലാമിനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അസമിൽനിന്ന് വരുന്നെന്നും ഷൊർണൂരിൽ ട്രെയിൻ ഇറങ്ങി വരുകയാണെന്നും പൂങ്ങോടുള്ള കോഴിഫാമിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ വിട്ടത്. മോഷണം നടന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിന് രാത്രി വിട്ടയച്ചയാളെ സംശയമുണ്ടായി. തുടർന്ന് പ്രദേശത്തെ പത്തോളം കോഴിഫാമുകളിൽ പരിശോധന നടത്തി. എവിടെയും ഇങ്ങനെ ഒരാൾ എത്തിയിട്ടില്ലെന്ന് മനസിലായതോടെ പിന്നീടുള്ള അന്വേഷണം ഇയാളെ തേടിയായി. തുടർന്ന് കാളികാവ് പുറ്റമണ്ണയിലെ കടവരാന്തയിൽ ആൾക്കൂട്ടത്തിൽ പ്രതി നിൽക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് മോഷണം നടത്തിയത് പ്രതി സമ്മതിച്ചത്.