ചാരുംമൂട് : മൂന്നുമാസമായി നൂറനാട് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി വൃദ്ധരായ സ്ത്രീകളുടെ മാല വലിച്ചുപൊട്ടിച്ച് കടന്നുകളയുന്ന പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് മുറിയിൽ പൈതൃകം വീട്ടിൽ ബിജുവിനെയാണ് (48) നൂറനാട് പോലീസ് പിടികൂടിയത്. അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ച വാഹനവും പ്രതിയെക്കുറിച്ച് സൂചനകളും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പ് കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സമാനമായ രണ്ട് കേസുകളിൽ അറസ്റ്റിലായി ജയിലിലായിരുന്ന പ്രതി മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. റോഡിൽകൂടി ഒറ്റക്ക് പോകുന്ന വൃദ്ധരായ സ്ത്രീകളെ നോട്ടം ഇടുകയും അവരുടെ അടുത്തുചെന്ന് പരിചയപ്പെട്ട് ഏതെങ്കിലും വിലാസം തിരക്കി അവരുടെ മാലപൊട്ടിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹവും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഈ രീതിയിൽ മാല മോഷണം നടത്തിയിരുന്നത്. സി.ഐ പി. ശ്രീജിത്, എസ്.ഐ നിധീഷ്, സി.പി.ഒമാരായ സിനു വർഗീസ്, രജീഷ്, ജയേഷ്, വിഷ്ണു, പ്രവീൺ, കലേഷ്, ജംഷാദ്, മനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.