കോന്നി: തണ്ണിത്തോട് പ്ലാന്റേഷൻ – തേക്കുതോട് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കാൻ 5 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്.
നിലവിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ് ഈ റോഡ്. 15 വർഷമായി തകർന്നു കിടക്കുന്ന റോഡിൽ യാത്ര വളരെ ദുരിതപൂർണ്ണമാണ്. ഡി.ബി.എം.ടി (ഡിസൈൻ, ബിൽഡ്, മെയിന്റയിൻ ആന്റ് ട്രാൻസ്ഫർ ) മോഡിലാണ് പുനർനിർമ്മാണം. നിർമ്മാണം പൂർത്തിയായാൽ 15 വർഷത്തെ തുടർസംരക്ഷണവും കോൺട്രാക്ടറിൽ നിക്ഷിപ്തമായിരിക്കും.
നിലവില്‍ ഈ റോഡില്‍ വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടിലാണ്. മിക്ക ഭാഗവും തകർന്ന നിലയിലാണ്. മഴക്കാലമായാൽ ദുരിതം ഇരട്ടിയാകും. നിരവധി അപകടങ്ങൾ റോഡിന്റെ തകർച്ച മൂലം ഉണ്ടായിട്ടുണ്ട്. തേക്കുതോട്, കരിമാൻതോട്, തൂമ്പാക്കുളം, മൂർത്തിമൺ, ഏഴാംതല, മണിമരുതി കൂട്ടം, പൂച്ചക്കുളം നിവാസികള്‍ക്കെല്ലാം പുറംലോകവുമായി ബന്ധപ്പെടുവാനുള്ള ഏക മാര്‍ഗ്ഗവും ഈ റോഡാണ്. ആലുവാംകുടി ശിവക്ഷേത്രത്തിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഈ റോഡുവഴി എത്തുന്നത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ പ്ലാന്റേഷൻ ഓഫീസ് പടിക്കൽ നടന്നിട്ടുണ്ട്.
2018ലെ പ്രകൃതിക്ഷോഭത്തിനു ശേഷമുള്ള പുന:രധിവാസ, പുന:ർ നിർമ്മാണ പ്രവർത്തനങ്ങൾ കേരള സർക്കാർ റീ ബിൽഡ് കേരളയിലൂടെ നടപ്പിലാക്കുകയാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് പണം അനുവദിക്കാൻ ശ്രമം നടത്തിയപ്പോൾ ഗവൺമെന്റ് നല്ല പിൻതുണയാണ് നൽകിയത്. അതിനാലാണ് മലയോരവാസികളുടെ ദീർഘകാല ആവശ്യത്തിന് എം.എൽ.എ എന്ന നിലയിൽ വളരെ വേഗം തന്നെ പണം അനുവദിപ്പിക്കാൻ കഴിഞ്ഞതെന്നും ജനീഷ് കുമാർ പറഞ്ഞു. നിർമ്മാണം ഉടനെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.