ഇടുക്കി : തേനിയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയില്‍. തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചും ആളുകളെ കർശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ കേരളത്തോട് ചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരിൽ നിന്നുള്ളവരാണ്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്കായി ഇടുക്കിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്.
ഈ സാഹചര്യത്തിൽ കുമളി, കമ്പംമെട്ട്, ബോഡിമേട്ട് ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ലോഡുമായി വരുന്ന വാഹനങ്ങളിൽ അണുനാശിനി തളിക്കും. യാത്രക്കാരെ കർശന പരിശോധനക്ക് വിധേയരാക്കും. വിലക്ക് മറികടന്ന് തമിഴ്നാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളികൾ സമാന്തരപാതകളിലൂടെ ഇപ്പോഴും കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെ തടയാൻ വനംവകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന.