പാലക്കാട് : തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ തുടങ്ങി. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലെ സാക്ഷികളുടെ വിചാരണയാണ് ജില്ല ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ഒന്നാം സാക്ഷി അനീഷിന്റെ സഹോദരന്‍ അരുണിനെയാണ് ബുധനാഴ്ച വിചാരണ നടത്തിയത്. വൈകീട്ട് നാലോടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിസ്താരം നിര്‍ത്തിവെച്ചു. വ്യാഴാഴ്ച വീണ്ടും വിസ്തരിക്കും. അനീഷിന്റെ ഭാര്യ ഹരിതയെയും ഇന്‍ക്വസ്റ്റ് സമയത്തെ രണ്ട് സാക്ഷികളെയും വ്യാഴാഴ്ച വിചാരണ ചെയ്യും.
2020 ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്റെ മകന്‍ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്. ഹരിതയും അനീഷും വിവാഹിതരായി 88ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അച്ഛന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരാണ് പ്രതികള്‍. ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്. പി.അനിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.