തിരുവനന്തപുരം: രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുമ്പോഴും ഒഴിവുള്ള 12 ലക്ഷത്തോളം തസ്തികകളിൽ നിയമനം നടത്താതെ കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാറിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സർവിസുകളിലായി 2022 മാർച്ച് 31 വരെ മാത്രം 9,83,028 തസ്തിക ഒഴിഞ്ഞു കിടക്കുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫിസ് രാജ്യസഭയെ അറിയിച്ചത്. ആകെയുള്ള 40,46,921 അംഗീകൃത തസ്തികയിൽ 30,63,893 എണ്ണത്തിൽ മാത്രമേ ജീവനക്കാരുള്ളൂ. 2023 ആഗസ്റ്റിലേക്ക് എത്തുമ്പോൾ ഒഴിവുകൾ ഏകദേശം 12 ലക്ഷത്തോളമായിട്ടുണ്ട്. വിരമിക്കുന്നവർക്ക് പകരം നിയമനം നടത്താൻ മോദിസർക്കാർ തയാറാകാത്തതാണ് ഇത്രയും ഒഴിവുകൾ ഉണ്ടാകാൻ കാരണം.
2022 മാർച്ച് വരെ ഗ്രൂപ് ബിയിൽ ഗസറ്റഡ് ഇതര തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്-97,999. ഗ്രൂപ് ബി ഗസറ്റഡ് തസ്തികകളിലാകട്ടെ 16 ശതമാനം ഒഴിവുകളുണ്ട്. ഗ്രൂപ് എയിൽ 23 ശതമാനവും ഗ്രൂപ് സി യിൽ 24 ശതമാനവും തസ്തികളിൽ ആളില്ല. 2022 മാർച്ച് 31 വരെ റെയിൽവേയിലെ 15.07 അംഗീകൃത തസ്തികകളിൽ ജോലിയുള്ളത് 11.98 ലക്ഷത്തിനാണ്. മൂന്നു ലക്ഷത്തിലേറെ തസ്തികകളാണ് കഴിഞ്ഞ വർഷം വരെ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. പ്രതിരോധരംഗത്ത് 5.77 ലക്ഷം തസ്തികയുള്ളതിൽ 3.45 ലക്ഷത്തിൽ മാത്രമാണ് ജീവനക്കാരുള്ളത്.