കോന്നി : കോന്നിയുടെ മുഖമുദ്രയായ കോന്നി ആനക്കൂട് സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു. 1942 ലാണ് കോന്നി ആനക്കൂട് സ്ഥാപിതമായത്. കമ്പക തടിയിൽ നിർമിച്ച കോന്നി ആനകൂട്ടിൽ നിരവധി ആനകളെയാണ് ചട്ടം പഠിപ്പിച്ചത്. എന്നാൽ 1977 ൽ ആന പിടുത്തം നിർത്തലാക്കിയതോടെ ആനയെ ചട്ടം പഠിപ്പിക്കുന്നതും അവസാനിപ്പിച്ചു. പിന്നീട് ആനത്താവളത്തില ഇളമുറക്കാരായ കുട്ടിയാനകളെ മാത്രമാണ് പാർപ്പിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം മൂലം ആനക്കൂട് നിർമ്മിച്ചിരിക്കുന്ന തടികൾ ചിതലെടുത്ത് ജീർണ്ണിച്ച് തുടങ്ങി. ആനക്കൂടിന് കുറുകെ ഇട്ടിരിക്കുന്ന തടികൾ പലതും ഒടിഞ്ഞ് വീഴാറായിട്ടുമുണ്ട്.
തടികൾ ചിതലെടുത്ത് തുടങ്ങിയതോടെ ആനകൂട് അറ്റകുറ്റപണികൾ നടത്തുവാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കോ ടുറിസം അധികൃതർ എസ്റ്റിമേറ്റ് എടുത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതേയുള്ളു. കോന്നി ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് കോന്നി ആന കൂട്. 12.65 മീറ്റർ നീളത്തിലും 8.60 മീറ്റർ വീതിയിലും 7 മീറ്റർ ഉയരത്തിലുമാണ് ആനക്കൂട് നിർമ്മിച്ചിരിക്കുന്നത്. ആറ് ആനകൾക്ക് പരിശീലനം നൽകുന്നതിനുള്ള ശേഷിയും കൂടിന് ഉണ്ട്. 1810 ലാണ് കോന്നിയിൽ ആനപിടുത്തം ആരംഭിച്ചത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും കോന്നി ആനത്താവളത്തിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇത്രയധികം ചരിത്ര പ്രാധാന്യമുള്ള കോന്നി ആനക്കൂട് സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പൊതു ജനങ്ങളിൽ നിന്നും ശക്തമാവുകയാണ്.