അടൂർ : എം.സി.റോഡിൽ സെൻട്രൽ ടോളിൽനിന്ന് നെല്ലിമുട്ടിൽപ്പടി ഭാഗത്തേക്ക് വരുമ്പോൾ മോഡേൺ വേബ്രിഡ്ജിന് സമീപത്തെ കുഴി അടയ്ക്കാൻ ഒരു നടപടിയും ഇല്ല. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊതുവേ കുഴികൾകൊണ്ടും വിള്ളൽകൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് വേബ്രിഡ്ജിനുസമീപത്തെ ഈ കുഴിയാണ്. കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയതാണ് കുഴി രൂപപ്പെടാൻ കാരണം. അറ്റകുറ്റപ്പണി നടത്തിയശേഷം കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചതാണ്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് ഇളകി വീണ്ടും കുഴി രൂപപ്പെട്ടു. ശനിയാഴ്ച രാത്രി 9.15-ന് ഈ കുഴിയിൽ ഓട്ടോറിക്ഷ ചാടി മറിഞ്ഞ സംഭവമുണ്ടായി.
ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഈ കുഴിയിൽ ചാടുക പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ആറുമാസം മുൻപ് റോഡിൽ ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിന്റെ ഒരു ഭാഗം പൊങ്ങിയും മറ്റൊരു ഭാഗം താഴ്ന്നും തുടങ്ങിയിരുന്നു. മഴക്കാലമായതോടെ റോഡിലുണ്ടായ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനയാത്രികർക്ക് ഇവിടെ കുഴിയുണ്ടെന്ന കാര്യം പെട്ടെന്ന് മനസ്സിലാകില്ല. നിലവിൽ കുഴിയിൽ ചെറിയ കല്ലുകളും മൺകട്ടകളും ഇട്ടിരിക്കുകയാണ്. അടിയന്തിരമായി കുഴി ടാർ ചെയ്ത് അടയ്ക്കണമെന്നാണ് സമീപത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.