അടൂർ : ജില്ലയിലെ ഏറ്റവും തിരക്കുള്ള ഗവ. ആശുപത്രികളിൽ ഒന്നാണ് അടൂർ ജനറൽ ആശുപത്രി. എന്നാൽ ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് സംവിധാനം ഇല്ല. ദിവസേന പ്രസവം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടക്കുന്നിടമാണ് അടൂർ ഗവ.ജനറൽ ആശുപത്രി. ഇത്തരം ശസ്ത്രക്രിയക്കായി രക്തം ആവശ്യമായി വരുമ്പോൾ പുറത്തുനിന്ന് രക്തം ലഭ്യമാക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ജില്ലയിൽ പത്തനംതിട്ടയിൽ മാത്രമാണ് ബ്ലഡ് ബാങ്കുള്ളത്. ഇവിടെനിന്ന് പലപ്പോഴും അവശ്യമുള്ള രക്തം ലഭിക്കാറില്ലെന്ന് പല രോഗികളുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഇതോടെ സ്വകാര്യ ആശുപത്രികളിൽനിന്ന് പണം നൽകി രക്തം വാങ്ങുകയോ അല്ലെങ്കിൽ രക്തത്തിന് പകരം രക്തം നൽകിയുമാണ് ശസ്ത്രക്രിയക്കാവശ്യമായ രക്തം സംഘടിപ്പിക്കുന്നത്. ഒരുകുപ്പി രക്തത്തിന് സ്വകാര്യ ആശുപത്രി 1200 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു. നിലവിൽ ചില സംഘടനകൾ വഴിയാണ് രക്തം ആശുപത്രിയിലേക്ക് രോഗികളുടെ ബന്ധുക്കൾ സംഘടിപ്പിക്കുന്നത്. രക്തക്ഷാമത്തിന് പരിഹാരമായി വർഷങ്ങളായി അടൂർ ഗവ. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകൾ ഒട്ടേറെ നിവേദനങ്ങൾ ആരോഗ്യ വകുപ്പിന് നൽകിയിരുന്നു. തുടർന്ന് ബ്ലഡ് ബാങ്ക് ഉടൻ വരുന്നുവെന്ന് പ്രഖ്യാപനവും അടൂർ ജനറൽ ആശുപത്രി അധികൃതർ നൽകി. പക്ഷേ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ല.