ഇസ്ലാമാബാദ്: പാകിസ്താനിൽ ലഷ്കർ ഇ ത്വയ്ബ എന്നൊരു സംഘടന ഇല്ല എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. ഇന്ത്യ ഒരിക്കലും ഒരു തെളിവും കൊണ്ടുവന്നിട്ടില്ല എന്നും സ്വന്തം നേട്ടത്തിനായി അവർ സാഹചര്യം സൃഷ്ടിക്കുകയാണെന്നും ആസിഫ് പറഞ്ഞു. പഹൽഗാം ആക്രമണം പാകിസ്താനെയും കശ്മീർ മേഖലയെയും പ്രതിസന്ധിയിലാക്കാൻ ഇന്ത്യ സൃഷ്‌ടിച്ച നാടകമാണെന്നും ആസിഫ് കുറ്റപ്പെടുത്തി. അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ ഇടിച്ചു നിരത്തിയെന്ന് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം എന്നാണ് റിപ്പോർട്ട്.
ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. തോക്കർ അനന്ത്നാഗ് സ്വദേശിയും ഷെയ്ഖ് പുൽവാമ സ്വദേശിയുമാണ്. പൊലീസ് ഇരുവരുടെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. തകർത്ത വീടുകളിൽ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹാഷിം മൂസ, അലിഭായ് എന്ന തല്‍ഹ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്‍ഷമായി കശ്മീര്‍ താഴ്‌വരയിലുളളവരാണ്. മൂസ 2023-ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.