കോന്നി : സംസ്ഥാന സർക്കാരിന്റെ നാലാം വർഷത്തെ 100-ദിനപരിപാടിയിൽ ചിറ്റൂർ കടവ് പാലംപണിക്ക് ഇടംകിട്ടിയില്ല. അച്ചൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിൽ പാലം നിർമിക്കാനായി 12 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ബജറ്റിൽ അനുവദിച്ചത്. അട്ടച്ചാക്കൽ, ചെങ്ങറ, നാടുകാണി പ്രദേശങ്ങളിൽ ഉള്ളവർക്ക് കോന്നിയിൽ എത്താൻ എളുപ്പമാണ് നിർദിഷ്ട പാലം. 232 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് കണക്കാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് റിവർമാനേജ്‌മെന്റ് ഫണ്ടിൽ നടപ്പാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. രണ്ട് കോടി രൂപയാണ് അനുവദിച്ചത്.
ഏതാനും തൂണുകളുടെ പണി പൂർത്തിയായപ്പോൾ ഭരണമാറ്റം ഉണ്ടായി. റിവർ മാനേജ്‌മെന്റ് ഫണ്ട് ഒരു സ്ഥലത്തേക്ക് മാത്രം ചെലവഴിക്കുന്നത് സംബന്ധിച്ച് റവന്യൂവകുപ്പിൽ തർക്കം ഉടലെടുത്തു. അതോടെ നടപ്പാലം പണിയും നിലച്ചു. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. ചിറ്റൂർ കടവിൽ നടപ്പാലത്തിന് പകരം പാലം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബജറ്റിൽ ഇടംപിടിച്ചത്. പാലം വന്നാൽ പുനലൂർ-പൊൻകുന്നം റോഡിൽനിന്ന് മലയാലപ്പുഴ, വടശ്ശേരിക്കര ഭാഗത്തേക്ക് പുതിയ ഒരു പാതകൂടി ആകും. കോന്നി കവലയിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ പാലം സഹായിക്കും.