ഏനാത്ത് : സ്കൂൾ തുറക്കും മുൻപ് കിഴക്കുപുറം ഗവ.എച്ച്എസ്എസിൽ പണികൾ ഏറെ തീർക്കാനുണ്ട്. പഴയകെട്ടിടം പൊളിച്ച് പുതിയതിന്റെ പണി തുടങ്ങണം. പൊളിഞ്ഞ മതിൽ കെട്ടി സുരക്ഷ ഉറപ്പാക്കണം. ഒന്നാംഘട്ട പണി കഴിഞ്ഞിട്ട് വർഷം രണ്ടായിട്ടും രണ്ടാംഘട്ട പണികൾ തുടങ്ങിയിട്ടില്ല. രണ്ടാംഘട്ടത്തിൽ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയത് പണിയാനാണ് തീരുമാനിച്ചിരുന്നത്.
പഴയത് പൊളിക്കാനുള്ള ലേലം പൂർത്തിയായിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുൻപ് പൊളിക്കും എന്നാണ് പറയുന്നത്. പഴയകെട്ടിടം പൊളിച്ചാൽ മാത്രമേ പുതിയത് പണിയാൻ സാധിക്കു.
സ്കൂൾ മുറ്റത്തുള്ള മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് പരിശോധന നടത്തി തുക ഇട്ടിരുന്നു. എന്നാൽ ആരും മുറിക്കാൻ ടെൻഡർ എടുത്തിട്ടില്ല. രണ്ട് മരം കടപുഴകി വീണിട്ടുണ്ട്. ഇത് അതേപടി ഇപ്പോഴും കിടപ്പുണ്ട്. കെട്ടിടം പണിക്കായി ചുറ്റുമുള്ള രണ്ട് മരങ്ങൾ കൂടി മുറിക്കേണ്ടതുണ്ട്. സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൊളിഞ്ഞിട്ട് രണ്ടുവർഷമായിട്ടും ശരിയാക്കിയിട്ടില്ല. ഇതിനോട് ചേർന്നുള്ള ബാക്കി ഭാഗവും മഴയത്ത് കുതിർന്ന് എപ്പോൾ വേണമെങ്കിലും പൊളിയാം എന്ന അവസ്ഥയിലാണ്. മതിൽ പുതുക്കി പണിയാൻ പണം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ പറഞ്ഞു. ഇതിന്റെ പണിയും ഉടൻ തുടങ്ങും എന്നാണ് പറയുന്നത്.