കോന്നി : പൊതു ജനങ്ങൾ നൽകുന്ന പരാതികളിൽ തീർപ്പാക്കാവുന്ന വിഷയങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലം നടപടി വൈകിപ്പിക്കുന്നുവെന്നും ഇത് പാടില്ല എന്നും കേരള നിയമസഭ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പൊതു ജന പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും 2024-25 കോന്നി താലൂക്ക് തല അദാലത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ അവസാനത്തെ അദാലത്താണ് കോന്നിയിലേത്. പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് എടുക്കുന്ന തീരുമാനങ്ങൾ എക്സിക്യൂട്ടീവ് നടപ്പാക്കാതെ വരുമ്പോൾ ആണ് ഇടപെടൽ ആവശ്യമായി വരുന്നതും ഇത്തരത്തിലുള്ള അദാലാത്തുകൾ സംഘടിപ്പിക്കേണ്ടി വരുന്നതും. വേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ വൈകിപ്പിക്കുന്നത് ചില കടുംപിടുത്തക്കാരായ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണമാണ്.
എല്ലാ രേഖകളും ഉണ്ടെങ്കിലും നടപടി വൈകിപ്പിക്കുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്. ചട്ടവിരുധമായി ഉദ്യോഗസ്ഥർ ഒന്നും ചെയ്യേണ്ട. എന്നാൽ ചട്ടത്തിന് അകത്തു നിന്ന് ചെയ്യാൻ കഴിയാവുന്ന കാര്യങ്ങൾ ചെയ്യണം. എന്തിനുവേണ്ടിയാണ് നിയമവും ചട്ടവും രൂപീകരിച്ചിരിക്കുന്നത് എന്നത് ഉദ്യോഗസ്ഥർ മനസിലാക്കണം. നിയമവും ചട്ടവും മാറേണ്ടതുണ്ട്. മന്ത്രി സഭ അംഗീകാരം നൽകിയ കാര്യങ്ങളിൽ മാത്രമേ മന്ത്രിമാർക്ക് ഇടപെടാൻ സാധിക്കുകയുള്ളൂ. പരാതി ലഭിച്ചു കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പരാതികൾക്ക് തീർപ്പ് കൽപ്പിക്കാൻ കഴിയണം എന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ, അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത്, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, എ ഡി എം ബി ജ്യോതി, അടൂർ ആർ ഡി ഒ ബി രാധാകൃഷ്ണൻ, ആർ ആർ ഡെപ്യൂട്ടി കളക്റ്റർ മിനി തോമസ് തുടങ്ങിയവർ സംസാരിച്ചു.