പാലക്കാട് : പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റോഡ് ഷോ കലക്കാന്‍ ശ്രമം ഉണ്ടായെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ്. പല കൈകളും അതിനായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ഇന്നലെ രാവിലെ ലഭിച്ചതാണെന്നും മിന്‍ഹാജ് പറഞ്ഞു. ഡിഎംകെ റാലിയില്‍ പങ്കെടുത്തവരില്‍ പലരും പാര്‍ട്ടി ആഭിമുഖ്യം ഉള്ളവരല്ലെന്നും ഏജന്റ് വഴി എത്തിയവരാണെന്നും പ്രതികരിക്കുന്ന ബൈറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മിന്‍ഹാജ്. പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പരിചയമില്ലാത്ത ചില ആളുകള്‍ റോഡ് ഷോയില്‍ കയറികൂടി.
17 ന് നടന്ന കണ്‍വെന്‍ഷനില്‍ ചില മുതിര്‍ന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുത്തിരുന്നു. അവര്‍ ഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വന്നവരാണ്. റോഡ് ഷോയ്ക്ക് ആളെകൂട്ടാന്‍ ഏജന്റുമാരെ നിയമിച്ചുവെന്നത് തെറ്റായ ആരോപണം ആണെന്നും മിന്‍ഹാജ് പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയ്ക്കാണ് തീരുമാനം ആയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് വേണ്ടി ഡിഎംകെ പാലക്കാട് പ്രവര്‍ത്തിക്കുമെന്നും മിന്‍ഹാജ് പറഞ്ഞു.