26.8 C
Pathanāmthitta
Friday, April 29, 2022 9:37 am

ചൂടിനെ ചെറുക്കാന്‍ എ.സി വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മറ്റൊരു വേനല്‍ക്കാലം കൂടി എത്തിയതോടെ കേരളത്തിലെ എസി വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. പുത്തൻ മോഡലുകളും വിലക്കിഴിവുമൊക്കെയുള്ളതിനാൽ എയർ കണ്ടീഷണർ വാങ്ങാനും ഇതു നല്ല സമയം തന്നെ. ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇന്ന് അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതാണ് പ്രധാന കാരണം. ഇടത്തരക്കാർക്ക് എസിയോടുണ്ടായിരുന്ന ‘മൈൻഡ് ബ്ലോക്ക്’ മാറിയതും വിൽപ്പന കുതിച്ചുയരാൻ കാരണമായി. കാർ, ഓഫിസ്, കടകൾ തുടങ്ങിയിടങ്ങളിലെല്ലാം എസിയുണ്ട്. അപ്പോൾപ്പിന്നെ വീട്ടിലുമാകാം എന്ന ചിന്തയാണ് എസിയുടെ സ്വീകാര്യത കൂട്ടിയത്. വില കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ രംഗപ്രവേശം ചെയ്തതും എസിയുടെ സമയം തെളിയാൻ കാരണമായി.

ഇതിൽ ‘ഇൻവെർട്ടർ എക്വിപ്ഡ്’ എസിക്കാണ് കൂടുതൽ ഡിമാൻഡ്. കുറച്ചു വൈദ്യുതിയേ ഉപയോഗിക്കൂ എന്നതാണ് ഇൻവെർട്ടർ എക്വിപ്ഡ് എസിയുടെ പ്രത്യേകത. വേരിയബിൾ കംപ്രസര്‍ ആണ് ഇത്തരം എസിയിലുള്ളത്. ഇത് ഇടയ്ക്ക് ‘കട്ട് ഓഫ്’ ആകില്ല. മാത്രമല്ല, ആവശ്യത്തിന് തണുപ്പായാൽ അതനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും. 23,000 രൂപ മുതലാണ് ഇവയുടെ വില. കോപ്പർ കണ്ടൻസറുള്ള മോഡലുകളാണ് ജനപ്രീതിയിൽ മുമ്പിൽ. കൂടുതൽ ഈട് നിൽക്കുമെന്നതാണ് കോപ്പർ കണ്ടൻസറിന്റെ മെച്ചം. അലോയ് കണ്ടൻസറുള്ള മോഡലിന് വില കുറയുമെങ്കിലും പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിയുടെ വലുപ്പം അനുസരിച്ചു വേണം എസിയുടെ കപ്പാസിറ്റി നിശ്ചയിക്കാൻ. എങ്കിലേ കുറഞ്ഞ വൈദ്യുതിയിൽ പരമാവധി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ.

ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ത്രീ സ്റ്റാറിന് മുകളിൽ റേറ്റിങ് ഉള്ള മോഡലുകളാണ് കൂടുതൽ മികച്ചത്. എയർ കണ്ടീഷനറുകളുടെ സ്റ്റാർ റേറ്റിങ്ങിനുള്ള മാനദണ്ഡങ്ങൾ അടുത്തിടെ പുതുക്കി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചുള്ള മോഡലുകൾ ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്. ഇവയ്ക്ക് പഴയ മോഡലിനേക്കാള്‍ മൂവായിരം രൂപയോളം കൂടും. ഉയർന്ന ഊർജ്ജക്ഷമതയാണ് ഇവയുടെ പ്രത്യേകത. ഇങ്ങനെ ഒരു എസി വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
● എസി വാങ്ങുമ്പോൾ വിലക്കുറവിൽ ആകൃഷ്ടരാകാതെ ഇരിക്കുക.
● കോപ്പർ കണ്ടൻസറാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം എസി വാങ്ങുക
● വാങ്ങുന്ന എസിക്ക് വില്പനാന്തര സേവനം സ്വന്തം സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
● എസി ഇന്‍സ്റ്റലേഷന്‍ തൊട്ട് പിന്നീടുണ്ടാകുന്ന സര്‍വ്വീസ് കാര്യങ്ങള്‍ക്കെല്ലാം നമുക്ക് സര്‍വ്വീസ് സെന്ററിനെ ആശ്രയിക്കേണ്ടിവരുമെന്നതിനാല്‍ നല്ല സര്‍വ്വീസ് ബാക്ക്അപ്പ് ഉള്ള ബ്രാന്റ് തിരഞ്ഞെടുക്കുക.
● ഇന്‍സ്റ്റലേഷന്‍, ക്‌ളീനിംഗ്, മെയിന്റനന്‍സ് എന്നീ സപ്പോര്‍ട്ടുകള്‍ നല്കാന്‍ കഴിയുന്ന ബ്രാന്റുകള്‍ വേണം തെരഞ്ഞെടുക്കാന്‍.
● ഇൻഡോർ ഔട്ട്ഡോർ പാട്​സുകളുടെ ഗ്യാരന്റി ഉറപ്പുവരുത്തുക.
● എസി വാങ്ങുമ്പോൾ ബില്ല് സൂക്ഷിച്ചുവെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇന്‍സ്റ്റലേഷന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം
● എ.സി ഘടിപ്പിച്ച മുറികളിലെ ജനലുകൾ,‍ വാതിലുകൾ എയർ ഹോളുകൾ എന്നിവയിൽ‍കൂടി വായു അകത്തേക്ക്​ കടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക. മാത്രമല്ല എയർ ഹോളുകളിൽക്കൂടി എലിയും മറ്റും കയറാനും സാധ്യത കൂടുതലാണ്. എയർ ഹോളുകൾ നല്ല രീതിയിൽ മൂടാൻ ശ്രദ്ധിക്കുക.
● എ.സിക്ക്​​ 3000 ത്തോളം പാട്​സുകൾ ഉണ്ട്​ അതിനാൽ സർവീസുകൾ കൃത്യമായി നടത്തുക. ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
● ചൂട്‌ കൂടുതൽ പുറപ്പെടുവിക്കുന്ന ഫിലമെ​ൻറ്​ ബൾബ്‌ പോലുള്ള ഉപകരണങ്ങൾ ഒഴിക്കുക
● ഉപഭോക്താവിന്റെ സൗകര്യത്തിനനുസരിച്ച് എ.സി ഇന്‍സ്റ്റലേഷന്‍ ചെയ്യാൻ പറയുക. വില്പനാന്തരം എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ എ.സി ശരിയാക്കുന്നതിന് ഇത് ഉപകാരപ്രഥമാകും.
● വില്പനാന്തര സേവനം ആവശ്യമാണെങ്കിൽ സേവനം കഴിഞ്ഞാൽ ഉടൻ തന്നെ ബില്ല് വാങ്ങി സൂക്ഷിക്കാൻ മറക്കാതെയിരിക്കുക.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular