തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ പദ്ധതികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടു തരംഗങ്ങളും തമ്മിലുള്ള ഇടവേള വർധിപ്പിക്കാനാണു ശ്രമം. ചില രാജ്യങ്ങളിൽ അടുത്തടുത്തു തരംഗങ്ങളുണ്ടായി. എന്നാൽ ചിലയിടത്ത് 23 ആഴ്ച വരെ ഇടവേളയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചു കൃത്യമായ ഡേറ്റാ ബാങ്ക് ഓരോ ജില്ലയിലും തയാറാക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗം, ശിശുരോഗ വിഭാഗം എന്നിവയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണു മുൻഗണന.
ഓക്സിജൻ ലഭ്യത അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കും. ആവശ്യങ്ങൾ സംബന്ധിച്ച് ഓരോ ആശുപത്രിയും മൂന്നാം തരംഗത്തെ മുൻകൂട്ടി കണ്ടുള്ള പട്ടിക തയാറാക്കാനാണു നിർദേശിച്ചിരിക്കുന്നത്. കേന്ദ്രനയത്തിന് അനുസൃതമായി 21 മുതൽ കേരളത്തിന്റെ വാക്സീൻനയത്തിലും മാറ്റം വരും.
18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭിക്കും. നിലവിൽ വാക്സീൻ രജിസ്ട്രേഷനു നേരിടുന്ന ബുദ്ധിമുട്ടുകളും 21 മുതൽ ഇല്ലാതാകും. നയം മാറിയതിനാൽ 18 മുതൽ 44 വയസ്സു വരെയുള്ളവർക്കു സംസ്ഥാനം നേരിട്ടു വാക്സീൻ വാങ്ങി നൽകുന്നതു നിർത്തി. കേന്ദ്രം നേരിട്ടു നൽകുന്ന വാക്സീനെ ആശ്രയിച്ചായിരിക്കും ഇനി കേരളത്തിന്റെ പ്രതിരോധ കുത്തിവെപ്പെന്നും മന്ത്രി പറഞ്ഞു.